പേരാമ്പ്ര: പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കാനുള്ള സത്വര ക്രിയാത്മക പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു.
ഒന്നര കോടി രൂപ വകയിരുത്തി പാതയുടെ സാധ്യതാ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ഡിപിആർ തയാറാക്കി സംസ്ഥാന സർക്കാറിന്റെ പരിഗണനക്ക് നൽകി കേന്ദ്രത്തിൽ സമർപ്പിക്കാനുള്ള വേഗത വർധിപ്പിക്കും. പുനര്‍നിര്‍മിച്ച പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര നിയോജക മണ്ഡലത്തിൽ മലയോര മേഖലയുടെ വികസനത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരും. ഇതിന്റെ ഭാഗമായാണ് നിർദ്ദിഷ്ട വയനാട് ബദൽ റോഡുമായി ബന്ധിപ്പിച്ച് 23 കോടി രൂപ വകയിരുത്തി കടിയങ്ങാട് മുതൽ പൂഴിത്തോട് വരെ റോഡ് നവീകരിച്ചത്. തുടർ പ്രവർത്തനത്തിന് നാല് കോടി രൂപ കൂടി വകയിരുത്തും. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിന് മുന്തിയ പരിഗണന നൽകും.
ഇതിന്റെ ഭാഗമായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വകയിരുത്തി കടിയങ്ങാട്ട് സ്വാഗത കവാടം നിർമിക്കും. പെരുവണ്ണാമൂഴിയുമായി ബന്ധപ്പെടുത്തി മുതുകാട്ടിൽ സ്ഥാപിക്കുന്ന ടൈഗർ സഫാരി പാർക്ക് വരുന്നതോടെ ടൂറിസ്റ്റ് വികസന രംഗത്ത് വലിയ കുതിപ്പിനു വഴിയൊരുങ്ങും. ഇതിലൂടെ നാട്ടിൽ തൊഴിലവസരങ്ങളും വരുമാനവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ പി.ജി. സൂരജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള വാദ്യ ഉപകരണങ്ങളുടേയും, ആവള പിഎച്ച്സിക്ക് ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി നല്കിയ കംപ്യൂട്ടറും ലാപ്ടോപ്പും വിതരണവും എംഎല്‍എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുന്‍ എംഎല്‍എമാരായ എ.കെ. പത്മനാഭന്, കെ. കുഞ്ഞമ്മത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, ശാരദ പട്ടേരികണ്ടി, സി.കെ. ശശി, കെ. സുനില്‍, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു, എന്‍.ടി. ഷിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.കെ. രജിത തുടങ്ങിയവർ പ്രസംഗിച്ചു.